ഇന്ത്യ – ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിനിടെ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്. സിഡ്നിയിലെ ആശുപത്രിയില്‍ തീവ്രപരിചരത്തില്‍ ആണ് ശ്രേയസ്. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമായിരുന്നു എന്നും ആരോഗ്യം മെച്ചപ്പെട്ടുവരുന്നു എന്നും ബിസിസിഐ വ്യക്തമാക്കി.
ഒക്ടോബര്‍ 25-ന് സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ശ്രേയസ് അയ്യരുടെ ഇടത് വശത്തെ താഴത്തെ വാരിയെല്ലിന് ആഘാതമേറ്റത്.
പരിക്കിനെത്തുടര്‍ന്ന് തുടര്‍ന്ന് സിഡ്നിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രേയസ്. ശ്രേയസിന് ആന്തരിക രക്തസ്രാവമുണ്ടായെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം ഐസിയുവിലാണ്. ഡസ്സിംഗ് റൂമില്‍ വച്ച് ശ്രേസിന് അടിയന്തര പരിചരണം നല്‍കിയില്ലായിരുന്നെങ്കില്‍ പരിക്ക് മാരകമാകുമായിരുന്നുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ചുരുങ്ങിയത് ഒരാഴ്ച്ച എങ്കിലും ശ്രേയസിന് ആശുപത്രിയില്‍ കഴിയേണ്ടി വരും. സ്‌കാനിങ്ങില്‍ പ്ലീഹയ്ക്ക് ക്ഷമതേറ്റതായി കണ്ടെത്തിയതെന്ന് ബിസിസിഐ അറിയിച്ചു. നിലവില്‍ ചികിത്സയിലുള്ള ശ്രേയസ് അയ്യരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും താരം സുഖം പ്രാപിച്ചുവരികയാണെന്നും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു. സിഡ്നിയിലേയും ഇന്ത്യയിലെയും വിദഗ്ധരുമായി കൂടിയാലോചിച്ച് ബിസിസിഐയുടെ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ പരിക്കിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ക്രിക്കറ്റ് ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു. ശ്രേയസ് ഉടന്‍ തന്നെ സുഖം പ്രാപിച്ച് മത്സരത്തിലേക്ക് തിരിച്ചുവരും എന്നാണ് ആരാധകരുടെ പ്രതീക്ഷ. നവംബര്‍ 30 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസിന് പങ്കെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.



