ഇത്തിഹാദ് റെയില്‍ ദീര്‍ഘകാലമായി കാത്തിരുന്ന പാസഞ്ചര്‍ നെറ്റ്‌വര്‍ക്കിലെ ആദ്യ റൂട്ടുകള്‍ പ്രഖ്യാപിച്ചു. ആദ്യ റൂട്ട് അബുദാബി, ദുബായ്, ഫുജൈറ എന്നിവയെ ബന്ധിപ്പിക്കുമെന്നും ഇത് രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളെ കിഴക്കന്‍ തീരവുമായി ബന്ധിപ്പിക്കുന്ന ഒരു നട്ടെല്ല് ആകുമെന്നും അധികൃതര്‍ അറിയിച്ചു
അബുദാബിയില്‍ നിന്ന് ദുബായ് വഴി ഫുജൈറയിലേക്കാണ് ആദ്യ യാത്ര. ഇനി അബുദാബിയില്‍ നിന്ന് 50 മിനിറ്റുകൊണ്ട് ദുബായിലും 100 മിനിറ്റുകൊണ്ട് ഫുജൈറയിലും എത്താം. ദുബായിലേക്ക് റോഡ് മാര്‍ഗം ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍ എടുക്കുന്ന ദൂരമാണ് 50 മിനിറ്റുകൊണ്ട് പിന്നിടുക. ഫുജൈറയിലേക്കുള്ള യാത്രാസമയം പകുതിയായി കുറയും.യുഎഇയിലുടനീളമുള്ള ജനസംഖ്യാ വളര്‍ച്ചയും ഹൈവേ ശൃംഖലയുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗവുമാണ് ആദ്യ റൂട്ടുകള്‍ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് എത്തിഹാദ് റെയില്‍ അറിയിച്ചു . ജനസാന്ദ്രത, യാത്രാ ആവശ്യകത, ഇന്റര്‍എമിറേറ്റ് കണക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കിയാണ് സ്റ്റേഷന്‍ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്.വിശാലമായ സീറ്റുകള്‍, ചാര്‍ജിങ് പോയിന്റുകള്‍,വൈഫൈ സൗകര്യം, പ്രാര്‍ഥനാ മുറികള്‍ എന്നിവ ട്രെയിനിനുള്ളില്‍ ലഭ്യമാകുന്നതിനാല്‍ യാത്രയ്ക്കിടയില്‍ അത്യാവശ്യം ജോലികളും ചെയ്യാം. സമയബന്ധിതമായി പ്രാര്‍ഥിക്കാനും അവസരം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. ഒരു ട്രെയിനില്‍ 400 പേര്‍ക്കു യാത്ര ചെയ്യാം. ഫസ്റ്റ്, ബിസിനസ്, ഇക്കോണമി ക്ലാസ് എന്നിങ്ങനെയാണ് സീറ്റുകള്‍.
യുഎഇയിലെ പ്രധാന നഗരങ്ങളെ അതിവേഗം ബന്ധിപ്പിക്കാനും, യാത്ര എളുപ്പമാക്കാനും പാസഞ്ചര്‍ റെയില്‍ സഹായിക്കും. ട്രെയിന്‍ ഗതാഗതം ഊര്‍ജിതമാകുന്നതോടെ റോഡിലെ വാഹനങ്ങളുടെ എണ്ണവും കാര്‍ബണ്‍ മലിനീകരണവും കുറയും. വിവിധ എമിറേറ്റുകള്‍ തമ്മിലുള്ള വാണിജ്യ, വ്യാപാര, വിനോദസഞ്ചാര ബന്ധങ്ങള്‍ ശക്തിപ്പെടുന്നതോടെ വികസനത്തിനും വേഗം കൂടും.



