അബുദബിയില്‍ ആകാശടാക്‌സികളുടെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. അല്‍ ബത്തീന്‍ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തിലായിരുന്നു പരീക്ഷണം. അടുത്ത വര്‍ഷം ആദ്യം ആകാശ ടാക്‌സികള്‍ സര്‍വ്വീസ് ആരംഭിക്കും.ദുബൈയ്ക്കു പിന്നാലെ അബുദബിയും ആകാശ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. അബുദബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസുമായി സഹകരിച്ചായിരുന്നു പരീക്ഷണ പറക്കല്‍. രാജ്യത്തെ അതികഠിനമായ ചൂടിനെ വാഹനം എങ്ങനെ പ്രതിരോധിക്കും എന്നറിയുന്നതിനുള്ള പരീക്ഷണം ഉള്‍പ്പെടെയാണ് നടത്തിയത്. രാജ്യത്തെ താപനില, അന്തരീക്ഷ ഊഷ്മാനവ്, പൊടിപടലങ്ങള്‍ എന്നിവയെ ആകാശ ടാക്‌സികള്‍ എങ്ങനെ അതിജീവിക്കും എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. ചൂട് കാലാവസ്ഥയിലും ടേക്ക് ഓഫും ലന്‍ഡിങും വിജയകരമായി പൂര്‍ത്തിയാക്കി. സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാകുന്നതോടെ ആകാശ ടാക്‌സികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാകും.
അമേരിക്കന്‍ കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷന്‍സാണ് അബുദബിയില്‍ ആകാശ ടാക്‌സി എത്തിച്ചത്. ആര്‍ച്ചറിന്റെ മിഡ്‌നൈറ്റ് വിഭാഗത്തില്‍ പെടുന്ന എയര്‍ക്രാഫിറ്റ് ആദ്യമായി അവതരിപ്പിക്കുന്നതും അബുദബിയിലാണ്. പൈലറ്റ് പരിശീലനം, ടാക്‌സിനിര്‍മാണം അടക്കം ആകാശ യാത്രയുമായി ബന്ധപ്പെട്ട് അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയാണ്. അല്‍ഐനിലാണ് എയര്‍ടാക്‌സി നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നത്. 2027 ആകുമ്പോഴേക്കും നിര്‍മാണം തുടങ്ങും. സമീപ രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് എയര്‍ ടാക്‌സികള്‍ കയറ്റി അയയ്ക്കാനും പദ്ധതിയുള്ളതായി അബുദബി ഇന്‍വസ്റ്റ്‌മെന്റ് ഓട്ടണമസ് മൊബിലിറ്റി ആന്‍ഡ് റോബോട്ടിക്‌സ് മേധാവി ഒമ്രാന്‍ മാലേക് പറഞ്ഞു. ടാക്‌സികളുടെ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ കേന്ദ്രം ഉള്‍പ്പടെ എല്ലാ അടിസ്ഥാനങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാകും സര്‍വ്വീസ് ആരംഭിക്കുക.