അഹമ്മദാബാദ് ദുരന്തത്തിന് വിമാനത്തിലെ വൈദ്യുതി തകരാര്‍ കാരണമായിട്ടുണ്ടോ എന്ന് പരിശോധന.വിമാനത്തിന്റെ പിന്‍ഭാഗത്ത് വൈദ്യുതി തകരാര്‍ സംഭവിച്ചുവെന്നാണ് സംശയിക്കുന്നത്.എയര്‍ഇന്ത്യ വിമാനത്തിന്റെ പിന്‍ഭാഗത്ത് തീപിടുത്തം ഉണ്ടായത് വൈദ്യുതി തകരാര്‍ മൂലമാണോ എന്നാണ് അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘം പരിശോധിക്കുന്നത്.ടേക്ക് ഓഫീനായി നീങ്ങുമ്പോള്‍ ഇലക്ട്രിക്കല്‍ സംവിധാനങ്ങളുടെ തകരാര്‍ മൂലം പിന്‍ഭാഗത്ത് തീപിടുത്തം ഉണ്ടായോ അതോ അപകടത്തിന് ശേഷമാണോ തീപിടുത്തം ഉണ്ടായത് എന്നതാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.പിന്‍ഭാഗത്തെ ചില യന്ത്രഭാഗങ്ങള്‍ കത്തിയത് വൈദ്യുതി തകരാര്‍ മൂലമാണോ എന്നും സംശയിക്കുന്നുണ്ട്.
വിമാനം പറന്നുയരുന്നതിന് മുന്‍പ് വൈദ്യുത തകരാര്‍ സംഭവിച്ചാല്‍ ഫ്‌ളൈറ്റ് സെന്‍സറുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും.ഇത് എഞ്ചിനിലേക്കുളള ഇന്ധന വിതരണം നിര്‍ത്തുന്നതിന് വിമാനത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റിന് തെറ്റായ സന്ദേശം നല്‍കും എന്നും ആണ് വിദഗദ്ധര്‍ പറയുന്നത്.വിമാനത്തിന്റെ പിന്‍ഭാഗത്ത് സാങ്കേതികപ്രശ്‌നങ്ങള്‍ സംശയിക്കുന്നതായി ദില്ലിയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്ക് ശേഷം പൈലറ്റ് ടെക്കിനിക്കല്‍ ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയിരുന്നു.ഇതും പരിശോധനയ്ക്ക് കാരണമാണ്.