അമിത ശബ്ദമുണ്ടാക്കുന്ന മോഡിഫൈഡ് വാഹനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് ദുബായ് പോലീസ്. സ്‌ഫോടന സമാന ശബ്ദം പുറപ്പെടുവിക്കുന്ന കാറുകള്‍ക്കും ബൈക്കുകള്‍ക്കുമെതിരെയാണ് നടപടി. പരിശോധന കര്‍ശനമാക്കിയതായി പോലീസ് അറിയിച്ചു.
മേഖലയില്‍ സംഘര്‍ഷ സാഹചര്യം തുടരുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന തരത്തില്‍ സ്‌ഫോടന സമാന ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടി കര്‍ശനമാക്കുന്നത്. അനുമതിയില്ലാതെ വലിയ ശബ്ദമുണ്ടാക്കുന്ന തരത്തില്‍ വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ നടത്തുന്നത് അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. താമസക്കാരുടെ പരാതി പരിഗണിച്ചാണ് നടപടി. രാത്രിയിലും മറ്റും വലിയ ശബ്ദം പുറപ്പെടുവിച്ച് വാഹനങ്ങള്‍ പോകുന്നത് താമസക്കാരെ പരിഭ്രാന്തരാക്കുന്നുണ്ട്. മിസൈല്‍ അലേര്‍ട്ടുകള്‍ വരുന്നതിനാല്‍ ഡ്രോണ്‍, മിസൈല്‍ പ്രതിരോധത്തിന്റെ ശബ്ദമാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുന്നു. പൊതുജനങ്ങളുടെ സമാധാനത്തിന് തടസ്സമുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. താമസ കേന്ദ്രങ്ങളിലൂടെയാണ് പലപ്പോഴും വലിയ ശബ്ദം പുറപ്പെടുവിച്ച് മോഡിഫൈഡ് വാഹനങ്ങള്‍ ഓടിക്കുന്നത്. ചെറുപ്പക്കാരായ ഡ്രൈവര്‍മാരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലായി ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു. നിരവധി ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശബ്ദങ്ങള്‍ ഇത്തരത്തിലുള്ളതാണെന്നും പോലീസ് വ്യക്തമാക്കി. അതിനിടെ നിയമവിരുദ്ധമായ മാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ കണ്ടെത്താനായി പരിശോധനാ കാമ്പെയ്‌നുകളും ചെക്ക്‌പോസ്റ്റുകളും ഒരുക്കിയിട്ടുണ്ടെന്ന് ഷാര്‍ജ പോലീ്‌സ് സെന്‍ട്രല്‍ റീജിയണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ അല്‍ ഖസ്സൗനി പറഞ്ഞു. ട്രാഫിക് നിയമങ്ങള്‍ പ്രകാരം, അമിത ശബ്ദം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് 2,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും വാഹനം കണ്ടുകെട്ടലും ഉള്‍പ്പെടെയുള്ള നടപടികളും നേരിടേണ്ടിവരും.



