അബുദബിയില്‍ അനധികൃത പാര്‍ട്ടീഷനുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ്. വില്ലകളില്‍ പരിശോധന ആരംഭിച്ചു. കുറഞ്ഞ വാടക നിരക്കില്‍ താമസ സൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയാണ് മുനിസിപ്പാലിറ്റി.
വില്ലകളിലും ഫ്‌ളാറ്റുകളിലും നിയമവിരുദ്ധമായ പാര്‍ട്ടീഷന്‍ റൂമുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ് അബുദബി മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ്. എമിറേറ്റിലുടനീളമുള്ള താമസ കേന്ദ്രങ്ങളില്‍ മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘം പരിശോധ ആരംഭിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. താമസ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും നഗര സൗന്ദ്യം കാത്തു സംരക്ഷിക്കുന്നതിനുമാണ് മുനിസിപ്പാലിറ്റിയുടെ നടപടി. നേരത്തെ കെട്ടിടങ്ങളില്‍ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നതിനെതിരെ മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം കുറഞ്ഞ വരുമാനക്കാരായ ആളുകള്‍ക്ക് താങ്ങാന്‍ കഴിയുന്ന തരത്തിലുള്ള താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് തീരുമാനം. അബുദബിയിലെ ജനസംഖ്യ ഉയരുന്നതിനാല്‍ ഗുണമേന്മയുള്ളതും താങ്ങാവുന്ന വാടകയിലുള്ളതുമായ താമസ സ്ഥലങ്ങള്‍ ഒരുക്കുകയാണ് മുനിസിപ്പാലിറ്റി, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്. നിലവില്‍ സ്റ്റുഡിയോകളും വലിയ അപ്പാര്‍ട്ട്‌മെന്റുകളും ന്യായമയ വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.