കുടിയേറ്റ വിരുദ്ധനയത്തിന് എതിരായ പ്രതിഷേധം തുടരുന്നതിനിടെ നാടുകടത്തല്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആണ് ട്രംപ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സമൂഹമാധ്യമപോസ്റ്റിലൂടെയാണ് അനധികൃത കുടിയേറ്റക്കാരെ തടങ്കലിലാക്കുന്നതും നാടുകടത്തുന്നതും ശക്തിപ്പെടുത്താനുള്ള ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം.ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടപ്പാക്കുന്നതിനായി ഫെഡറല്‍ ഏജന്‍സികള്‍ കഴിവിന്റെ പരമാവധി ശ്രമിക്കണം എന്നാണ് നിര്‍ദ്ദേശം.ലോസ് എയ്ഞ്ചലസ്,ഷിക്കോഗോ,ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളില്‍ പരിശോധന കൂടുതല്‍ കേന്ദ്രീകരിക്കണം എന്നും ട്രംപ് ആവശ്യപ്പെട്ടു.ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്ക് എതിരെ ഏറ്റവും ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയത് ഈ മൂന്ന് നഗരങ്ങളിലാണ്.
ട്രംപിന്റെ ഏകാധിപത്യനയങ്ങള്‍ക്ക് എതിരെ അമേരിക്കന്‍ നഗരങ്ങളില്‍ വീണ്ടും പ്രതിഷേധങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് അനധികൃതകുടിയേറ്റക്കാരെ മുഴുവന്‍ പിടികൂടി നാടുകടത്താന്‍ നിര്‍ദ്ദേശം നല്‍കുന്നത്.രാജാക്കന്മാരില്ല എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു ജനകീയ പ്രക്ഷോഭം.കുടിയേറ്റക്കാര്‍ക്ക് എതിരായ നടപടി ട്രംപ് ഭരണകൂടം കടുപ്പിക്കുമ്പോള്‍ പ്രതിഷേധങ്ങളും ശക്തിപ്പെടാനാണ് സാധ്യത.