ക്രിസ്മസ് എത്തിയതോടെ യുഎഇയിലെ നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഡിസംബര്‍ 25നും ചിലയിടങ്ങളില്‍ 26നും പ്രത്യേക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎഇയിലെ ഔദ്യോഗിക പൊതു അവധി പട്ടികയില്‍ ക്രിസ്മസ് ഉള്‍പ്പെട്ടിട്ടില്ലെങ്കിലും, കമ്പനികള്‍ ആഭ്യന്തര നയം അനുസരിച്ചാണ് ഈ അവധി അനുവദിക്കുന്നത്.ഈ വര്‍ഷം ഡിസംബര്‍ 25 വ്യാഴാഴ്ചയും 26 വെള്ളിയാഴ്ചയും ആയതിനാല്‍, ശനി, ഞായര്‍ വാരാന്ത്യ അവധികള്‍ കൂടി ചേരുമ്പോള്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ നാല് ദിവസം അവധി ലഭിക്കും. ഇത് വിദേശങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ക്കും നാട്ടിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. ക്രിസ്മസിന് നാട്ടില്‍ പോകാന്‍ ഒരാഴ്ചത്തെ വാര്‍ഷിക അവധി എടുക്കാന്‍ പ്ലാന്‍ ചെയ്തിരുന്നവര്‍ക്ക് കമ്പനി വക രണ്ട് ദിവസം അവധി ലഭിക്കുന്നത് വലിയ ഗുണകരമാകും. യുഎഇയില്‍ പൊതുസ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധികള്‍ സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കാറുണ്ട്. ക്രിസ്മസ് ഒരു ഫെഡറല്‍ പൊതു അവധിയല്ലെങ്കിലും, ജീവനക്കാര്‍ക്ക് ഇത്തരം ഇളവുകള്‍ നല്കാന് കമ്പനികള്‍ക്ക് അനുവാദമുണ്ട്. ഈ അവധി ദിനങ്ങള്‍ ജീവനക്കാരുടെ വാര്‍ഷിക അവധി അക്കൗണ്ടില്‍ നിന്ന് കുറയ്ക്കാറില്ല എന്നതും പ്രത്യേകതയാണ്.



