ദുബൈയില്‍ ഡ്രൈവറില്ലാ വാഹനസര്‍വീസ് ഉടന്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളുമായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി.സ്വയംനിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിനായി പുതിയൊരു കമ്പനിയുമായി ആര്‍ടിഎ കരാര്‍ ഒപ്പുവെച്ചു.2026-ല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്നതിന് ആണ് നീക്കം.സ്വയംനിയന്ത്രിത വാഹന സാങ്കേതിക രംഗത്തെ മുന്‍നിര സ്ഥാപനമായ പോണി.എ.ഐ എന്ന സ്ഥാപനവുമായിട്ടാണ് ദുബൈ ആര്‍ടിഎ ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്. ഇത് പ്രകാരം ഈ വര്‍ഷം തന്നെ പോണി.എ.ഐ എമിറേറ്റില്‍ സ്വയംനിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തും. ടോയോട്ട,ജി.എ.സി തുടങ്ങിയ പ്രമുഖ വാഹനനിര്‍മ്മാതാക്കളുമായി ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ച ഏഴാം തലമുറ സ്വയന്ത്രിത വാഹനങ്ങള്‍ പോണി അടുത്തിടെ പുറത്തിറക്കിയിരുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതങ്ങളുടെ അടിസ്ഥാനത്തിലാണ് പോണി വികസിപ്പിച്ച വാഹനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
അത്യാധുനിക സെന്‍സറുകളും,ലിഡാറുകളും,റഡാറുകളും ക്യാമറഖും ആണ് വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത്. ഏത് റോഡിലും ഏത് കാലാവസ്ഥാ സാഹചര്യത്തിലും സുരക്ഷിതമായി ഓടും വിധത്തിലാണ് പോണിയുടെ സ്വയംനിയന്ത്രിത വാഹനം വികസിപ്പിച്ചിരിക്കുന്നത്.ദുബൈ ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പോണി.എ.ഐ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പോണി ഡോ.ലിയോ വാങ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.2030-ഓട് കൂടി എമിറേറ്റിലെ ആകെ യാത്രകളില്‍ ഇരുപത്തിയഞ്ച് ശതമാനവും സ്വയംനിയന്ത്രിതമാക്കുന്നതിന് ആണ് ആര്‍ടിഎ ലക്ഷ്യമിട്ടിരിക്കുന്നത്.വിറൈഡ് അടക്കമുള്ള കമ്പനികളുമായും സ്വയംനിയന്ത്രിത ടാക്‌സികള്‍ക്കായി ആര്‍ടിഎ സഹകരിക്കുന്നുണ്ട്.