ഗാസ: അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ആക്രമണത്തില്‍ പതിനെട്ട് പേര്‍ കൊല്ലപ്പെട്ടുവെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ബുറേജി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ട്. നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പിലെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പതിനേഴ് പേര്‍ കൊല്ലപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം മാത്രം നടന്ന ആക്രമണങ്ങളില്‍ നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ 274 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. ഹമാസ് ബന്ദികളാക്കിയ നാല് പേരെ മോചിപ്പിച്ചതിന് ശേഷമാണ് ഇസ്രയേല്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ശക്തമാക്കിയത്. ഇസ്രയേലിലെ യുദ്ധകാര്യ മന്ത്രിസഭ, പ്രധാനമന്ത്രി ബെന്യമീന്‍ നെതന്യാഹു പിരിച്ചു വിട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന കാബിനറ്റ് യോഗത്തിലാണ് യുദ്ധകാല മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം നെതന്യാഹു എടുത്തത്. ബെന്നി ഗാന്റ്‌സുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചത്. ഗാന്റ്‌സ് മന്ത്രിസഭ വിട്ടതോടെ അതിന്റെ പ്രസക്തി നഷ്ടമായെന്ന് നെതന്യഹു പറഞ്ഞതായി ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.