കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സിന്റെ ശുപാര്‍ശ

കെ സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ വിശദമായ അന്വേഷണത്തിന് വിജിലന്‍സിന്റെ ശുപാര്‍ശ.  സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ സുധാകരനെതിരേ നിര്‍ണായകമായ ചില തെളിവുകള്‍ വിജിലന്‍സിന്‌ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് ചിറക്കല്‍ രാജാസ് ഹൈസ്‌ക്കൂള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പിരിച്ച കോടിക്കണക്കിന്‌ രൂപ സുധാകരന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. കണ്ണൂര്‍ എഡ്യൂ പാര്‍ക്കിന്റെ പേരിലും സുധാകരന്‍ കോടികള്‍ സമ്പാദിച്ചുവെന്നും ആറ് കോടിയോളം ചെലവഴിച്ച് സുധാകരന്‍ നിര്‍മിച്ച വീടിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച്‌ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലായിലാണ് പ്രശാന്ത് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സുധാകരനെതിരേ വിജിലന്‍സ് ഡയറക്ടര്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.