അവകാശവാദങ്ങളൊക്കെ വലുതായിരുന്നു; പക്ഷേ തോറ്റ് നാണം കെട്ട് ട്വന്റി ട്വന്റി

കേരളത്തിലെ മുന്നണികളെ ഒരു പാഠം പഠിപ്പിക്കുമെന്നൊക്കെയായിരുന്നു അവകാശവാദം. നിയമസഭാ തെരഞ്ഞെടുപ്പിൽ കറുത്ത കുതിരകളാകുമെന്നും പ്രതീക്ഷിച്ചു. പക്ഷേ അരാഷ്ട്രീയതക്ക് കേരളത്തിന്റെ മണ്ണിൽ സ്ഥാനം കൊടുക്കില്ലെന്ന് ജനം ഉറപ്പിച്ചതോടെ ട്വന്റി ട്വന്റി എന്ന തട്ടിക്കൂട്ട് മുന്നണിക്ക് സ്വന്തമാക്കാനായത് നാണം കെട്ട തോൽവി

എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി മത്സരിച്ചത്. ഏറെ പ്രതീക്ഷിച്ച കുന്നത്തുനാട്ടിൽ പോലും തട്ടിക്കൂട്ട് മുന്നണിക്ക് ലീഡ് ഉയർത്താനായില്ല. മത്സരിച്ച എട്ട് സീറ്റുകളിൽ രണ്ടിടത്ത് നാലാം സ്ഥാനം. ആറ് മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തും ഒതുങ്ങി

അതേസമയം ട്വന്റി ട്വന്റിയുടെ മത്സരം യഥാർഥത്തിൽ ഗുണം ചെയ്തത് എൽഡിഎഫിനാണ്. യുഡിഎഫ് വോട്ടുകൾ ട്വന്റി ട്വന്റിക്ക് ചോരുകയും എൽഡിഎഫ് അവരുടെ വോട്ടുകൾ പിടിക്കുകയും ചെയ്തതോടെ കൊച്ചി, കുന്നത്തുനാട് മണ്ഡലങ്ങളിൽ എൽ ഡി എഫ് വിജയമുറപ്പാക്കി.

ഭരിക്കുന്ന പഞ്ചായത്തുകളായ കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ എന്നിവിടങ്ങളിൽ പോലും പ്രതീക്ഷിച്ച വോട്ട് ഇവർക്ക് ലഭിച്ചില്ല. കിഴക്കമ്പലത്ത് തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ രണ്ടായിരം വോട്ട് കുറയുകയും ചെയ്തു. കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനിയുടെ പൊളിറ്റിക്കൽ രൂപമാണ് ട്വന്റി ട്വന്റി.

Must see news