ശോഭയെ മത്സരിപ്പിക്കണമെന്ന് ദേശീയ നേതൃത്വം; കെ സുരേന്ദ്രന് തിരിച്ചടി

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ ശോഭാ സുരേന്ദ്രനെയും ഉള്‍പ്പെടുത്തണമെന്ന് ബിജെപി ദേശീയ നേതൃത്വം. സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമ രൂപം നല്‍കാനായി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരുന്നുണ്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ ഡി നഡ്ഡ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്ഗരി, കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്ന് രാത്രിയോടെയോ നാളെയോ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം

140 മണ്ഡലങ്ങളില്‍ 115 സീറ്റില്‍ ബിജെപി മത്സരിക്കും. ശോഭാ സുരേന്ദ്രനെ മത്സരിപ്പിച്ചേ മതിയാകൂവെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനുള്ളത്. ശോഭാ സുരേന്ദ്രനെ തഴയാനുള്ള കെ സുരേന്ദ്രന്റെ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്.

ശോഭ ഇത്തവണ മത്സരിക്കില്ലെന്ന് കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാന നേതാക്കളുടെ അഭിപ്രായം തള്ളിയാണ് ദേശീയ നേതൃത്വം നിലപാട് സ്വീകരിച്ചിരിക്കുന്നത്. നേരത്തെ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്നും ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് ബിജെപിയില്‍ ചേര്‍ന്ന എന്‍ജിനീയര്‍ ഇ ശ്രീധരനെ വരെ ഉള്‍പ്പെടുത്തിയപ്പോഴാണ് ശോഭയെ തഴഞ്ഞത്.