എഴുപത് വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കും ഇനി ഉംറ നിര്‍വഹിക്കാം

സൗദി അറേബ്യയില്‍ ഇനി എഴുപത് വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ഥാടനത്തിന് 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സൗദി അധികൃതര്‍ നീക്കി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റേതാണ് തീരുമാനം. സൗദിയില്‍ താമസിക്കുന്ന ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്ന 70 കഴിഞ്ഞവര്‍ക്ക് ഇളവില്ല. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് നിയന്ത്രണാധീനമാവുകയും വാക്‌സിനേഷന്‍ ക്യാംപയിന്‍ നല്ല രീതിയില്‍ പുരോഗമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് തീരുമാനം

രാജ്യത്തിനകത്തുള്ള 18നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരുന്നത്. പിന്നീട് അടുത്തിടെയാണ് രണ്ട് ഡോസ് വാക്സിനെടുത്ത 12നും 18നുമിടയില്‍ പ്രായമുള്ളവര്‍ക്കു കൂടി ഉംറക്ക് അനുമതി നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചത്. പുതിയ സാഹചര്യത്തില്‍ 70 നു മുകളിലുള്ളവര്‍ക്കും കൂടി ഇളവ് ബാധകമാക്കിയിരിക്കുകയാണ്. അതേസമയം, കോവിഡ് വാക്സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്കു മാത്രമാണ് അനുമതിയുള്ളത്. ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി ഉംറക്കുള്ള പെര്‍മിറ്റിനായി അപേക്ഷ നല്‍കണമെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ​പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഒരു ലക്ഷമാക്കി