സൗദി ടൂറിസ്റ്റ് വീസകള്‍ നീട്ടി നല്‍കുന്നു

 

സൗദി അറേബ്യ ടൂറിസ്റ്റ് വീസകള്‍ നീട്ടി നല്‍കും. ഇതിനായുള്ള നിര്‍ദ്ദേശം ഭരണാധികാരി സല്‍മാന്‍ രാജാവ് നല്‍കി. രാജ്യത്തെ ടൂറിസ്റ്റ് വീസ എടുത്തതിന് ശേഷം കോവിഡ് പ്രതിസന്ധിയില്‍ യാത്ര ചെയ്യാനാകാതെ വീസ കാലാവധി അവസാനിച്ചവര്‍ക്കാണ് വീസ നീട്ടി ലഭിക്കുക. ഇതിനായുളള നടപടി ക്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു.

ഇതിനിടെ രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ നഗരസഭകള്‍ പരിശോധന കര്‍ശനമാക്കി. കിഴക്കന്‍ പ്രവിശ്യാ നഗരസഭ കഴിഞ്ഞ ഒരു ദിവസത്തില്‍ 1409 പരിശോധനയാണ് നടത്തിയത്. ഇതില്‍ 92 നിയമലംഘനങ്ങള്‍ കണ്ടെത്തി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു.

രാജ്യത്തെ ഇപ്പോള്‍ നൂറില്‍ താഴെ പ്രതിദിന കോവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് ഏറെക്കുറെ നിയന്ത്രണവിധേയമായ പശ്ചാത്തലത്തില്‍ കൂടിയാണ് യാത്രാഇളവുകളും വീസഇളവുകളും ഭരണകൂടം നല്‍കുന്നതും.