രാജസ്ഥാനില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 21കാരന് വധശിക്ഷ

അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 21 കാരന് വധശിക്ഷ. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലാ പോക്‌സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി അതിവേഗ നടപടിയെടുത്തത്. ഒരു മാസത്തിനുള്ളിലാണ് എല്ലാ നടപടികളും പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ മാസം 19ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. വീടിന് സമീപത്തെ കൃഷി സ്ഥലത്ത് കളിച്ചുകൊണ്ട് നിന്നിരുന്ന കുഞ്ഞിനെ 21കാരനായ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം നടന്ന് അഞ്ച് മണിക്കൂറിനുള്ളില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത് ദിവസത്തില്‍ കൃത്യമായ തെളിവുകളോടെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

പൊലീസിന്റെ അതിവേഗ നടപടിയെ കോടതി പ്രശംസിച്ചു. 40 സാക്ഷികളെയും 250 രേഖകളും പൊലീസ് ഹാജരാക്കി. ഇതോടെയാണ് 26 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി വധശിക്ഷ വിധിച്ചത് .