രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂർ സന്ദർശിക്കാൻ അനുമതി

രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂർ സന്ദർശിക്കാൻ അനുമതി. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം മറ്റ് രണ്ട് പേർക്കും ലഖിംപൂർ സന്ദർശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വൈകിട്ടോടെ സന്ദർശിക്കും. രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി എന്നിവർക്കുമാണ്് ലഖിംപൂർ ഖേരി സന്ദർശിക്കാൻ അനുമതി നൽകിയിരിക്കുന്നത്. 144 നിലനിൽക്കുന്ന സാഹചര്യത്തിൽ ആർക്കും പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു യു.പി പൊലീസിന്റെ നിലപാട്. എന്നാൽ ലഖിംപൂരും സീതാപൂരും സന്ദർശിക്കുമെന്ന നിലപാട് ആവർത്തിച്ച് രാഹുൽ ഗാന്ധി ഇന്ന് രാവിലെ വാർത്താസമ്മേളനം നടത്തി. ശക്തമായ നടപടിയുമായി പ്രതിപക്ഷം മുന്നോട്ടുനീങ്ങുമെന്ന സാഹചര്യം വന്നതോടെ ഉത്തർപ്രദേശ് പൊലീസ് അയയുകയായിരുന്നു. കൂടുതൽ ആളുകളെ കൂട്ടരുത്, സമാധാനപരമായ രീതിയിലായിരിക്കണം സന്ദർശനം തുടങ്ങിയ വ്യവസ്ഥകളുണ്ട്. അതേസമയം, കരുതൽ തടങ്കലിലുള്ള പ്രിയങ്കാ ഗാന്ധിയെ ഉടൻ മോചിപ്പിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് ലഖിംപൂർ ഖേരിയിൽ കർഷകർക്ക് നേരെ അതിക്രമം നടന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച കാർ കർഷകർക്കിടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. നാല് കർഷകർ ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. സംഭവം രാജ്യ വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.