അബുദബിയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാതെ തന്നെ ഇനി കോവിഡ് വാക്സിന് വഭ്യമാകും. ഇതിനുള്ള സൗകര്യം എമിറേറ്റിലെ എല്ലാ സേഹ വാക്സിന് കേന്ദ്രങ്ങളിലും ഒരുക്കിയതായി അബുദബി ആരോഗ്യവകുപ്പ് അറിയിച്ചു. എമിറേറ്റിലെ വിദേശികളും സ്വദേശികളുമായ എല്ലാ താമസക്കാര്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഈ സൗകര്യം ലഭ്യമാണ്.
മൂന്ന് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നല്കുന്ന സിനോഫാം വാക്സിന്, പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്കുന്ന ഫൈസര്‍ ബയോടെക്, ഇരുഡോസ് വാക്സിന് എടുത്തതിന് ശേഷം ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍, മുതിര്‍ന്ന പൗരന്മാര് ഉള്‍പ്പെടെ എമിറേറ്റിലെ എല്ലാ താമസക്കാര്‍ക്കും സൗജന്യമായി വാക്ക് ഇന്‍ സൗകര്യത്തില്‍ കോവിഡ് വാക്സിന് ലഭ്യമാകും.
കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ കുട്ടികള്‍ക്ക് വാക്സിന് ലഭ്യമാക്കാന്‍ രക്ഷിതാക്കളോടും അധികൃതര്‍ ആവശ്യപ്പെട്ടു. എമിറേറ്റിലെ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് ആരോഗ്യവകുപ്പ് അണ്ടര്‍സെക്രട്ടറി ഡോ. ജമാല്‍ മുഹമ്മദ് അല്‍ കാബി പറഞ്ഞു.