തിരുവനന്തപുരം: കോവിഡ് കാലം ആയതിനാല്‍ ദൂരയാത്ര ഉപേക്ഷിച്ച് ആഭ്യന്തര ടൂറിസ്റ്റുകള്‍ ഇത്തവണ കൂടുതല്‍ അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കാണ് കേരളത്തില്‍ യാത്ര ചെയ്തത്. തിരുവനന്തപുരത്തെ പൊന്മുടിക്ക് ഇത്തവണത്തെ ഓണക്കാലം ബംബര്‍ കാലം കൂടി ആയി. ഓണദിവസങ്ങളില്‍ കാല്‍ലക്ഷം സന്ദര്‍ശകരിലൂടെ പൊന്മുടി ടൂറിസം വകുപ്പിന് നല്‍കിയതത് എട്ടര ലക്ഷത്തിലേറെ രൂപ.
തുടര്‍ച്ചയായ ലോക്ഡൗണില്‍ ആളുകള്‍ വരാതെ ആയപ്പോള്‍ കൂടുതല്‍ പച്ചപ്പോടെ പൊന്മുടി കൂടുതല്‍ ആകര്‍ഷകമായിട്ടുണ്ട്. ഓണത്തിന് വിരുന്ന് എത്തിയ ചെറിയ മഴയും അകമ്പടി സേവിച്ച കാറ്റും മഞ്ഞൂം പൊന്മുടിയുടെ മനോഹാരിത കൂട്ടി. ഓണദിവസങ്ങളില്‍ പൊന്മുടിയിലുണ്ടായത് വമ്പിച്ച തിരക്ക് ആണ്. പാര്‍ക്കിങിന് പോലും ഇടമില്ലാതെ സഞ്ചാരികള്‍ കുന്ന് കയറിയെത്തി.
കോവിഡ് തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ ആളുകളെത്തിയ ദിവസങ്ങളായിരുന്നു ഇത്. ഉത്രാടം മുതല്‍ ചതയം വരെയുള്ള അഞ്ച് ദിവസങ്ങളില്‍ പൊന്മുടി ആസ്വദിച്ചത് ഇരുപത്തിരണ്ടായിരത്തോളം പേരാണ്. ടിക്കറ്റിലൂടെ മാത്രം കെ.റ്റി.ഡി.സിക്ക് 852160 രൂപ വരുമാനവും.
ഓഗസ്റ്റ് ഒമ്പതാം തിയതിയാണ് പൊന്മുടി വീണ്ടും തുറന്നത്. ഇതുവരെയായി മുപ്പത്തിരണ്ടായിരം സന്ദര്‍ശകരിലൂടെ പന്ത്രണ്ട് ലക്ഷത്തിലേറെ വരുമാനവും ആയി.