കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്രാ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്കെതിരേ ”കരണത്തടി” പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന്
ശിവസേനാ പ്രവര്‍ത്തകരുടെ പരാതി നല്‍കിയിരുന്നു. നാസിക് പോലീസ് റാണെയ്ക്കെതിരേ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
റാണെയുടെ ജന ആശീര്‍വാദ് യാത്രയ്ക്കിടയിലെ പ്രസംഗത്തിലാണ് ഇങ്ങനെ പറഞ്ഞത്. സ്വാതന്ത്ര്യം നേടിയ വര്‍ഷം ഓര്‍മയില്ലാത്ത മുഖ്യമന്ത്രിയെ താനായിരുന്നെങ്കില്‍ തല്ലിയേനെ എന്നതാണ് റാണെയുടെ പ്രസംഗം. പൂനെയിലും മഹദിലുമായി രണ്ട് എഫ്ഐആറാണ് പൊലീസ് റാണെയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. നാസിക്, താനെ, പൂനെ എന്നിവിടിങ്ങളിലെ പൊലീസ് സ്റ്റേഷനില്‍ ആണ് റാണെയ്ക്കെതിരെ പരാതി നല്‍കിയിരുന്നത്. റാണെയ്ക്ക് എതിരായ മുംബൈയില്‍ ശിവസേന പ്രവര്‍ത്തകര്‍ കൂറ്റന്‍ ഹോഡിംഗുകള്‍ സ്ഥാപിച്ചിരുന്നു.
റാണെയുടെ വിവാദ പരാമര്‍ശത്തെ ചൊല്ലി ശിവസേന, ബി.ജെ.പി പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച തെരുവില്‍ ഏറ്റുമുട്ടി. കേസില്‍ മന്ത്രിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നും തുടര്‍ന്ന് കോടതി നിര്‍ദേശം അനുസരിച്ച് മുന്നോട്ടുപോകുമെന്നും നാസിക് പോലീസ് മേധാവി ദീപക് പാണ്ഡെ നേരത്തെ അറിയിച്ചിരുന്നു. റാണെ, രാജ്യസഭാംഗമായതിനാല്‍ അറസ്റ്റിനുശേഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.