ഹിന്ദു-മുസ്ലിം ഐക്യം അനിവാര്യമെന്ന് മോഹൻ ഭാഗവത്; വിശ്വാസ്യതയില്ലാത്ത പരാമർശമെന്ന് പ്രതിപക്ഷം

ഹിന്ദു-മുസ്ലിം ഐക്യത്തിന് ആഹ്വാനം ചെയ്ത് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ഇസ്ലാം മതവിശ്വാസികൾക്ക് ഇന്ത്യയിൽ താമസിക്കാനാകില്ലെന്ന് പറയുന്നയാൾ യഥാർഥ ഹിന്ദുവല്ല എന്നതടക്കമുള്ള മോഹൻ ഭാഗവതിന്റെ പ്രസംഗത്തിലെ പരാമർശങ്ങളാണ് ചർച്ചയാകുന്നത്. എന്നാൽ ആർ എസ് എസ് മേധാവിയുടെ പരാമർശത്തിൽ വിശ്വാസ്യതയില്ലെന്ന് പ്രതിപക്ഷ കക്ഷികൾ വിമർശിച്ചു

ഇന്ത്യക്കാർ എല്ലാവരുടെയും ഡി എൻ എ ഒന്നാണ്. ഇസ്ലാം മതവിശ്വാസികൾക്ക് ഇവിടെ താമസിക്കാനാകില്ലെന്ന് പറയുന്നയാൾ യഥാർഥ ഹിന്ദുവല്ല. ആൾക്കൂട്ട ആക്രമണം നടത്തുന്നവർ ഹിന്ദുത്വത്തിന് എതിരാണ്. അക്രമം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുകയാണ് വേണ്ടത്.

നമ്മളെല്ലാവരും ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്താണ് താമസിക്കുന്നത്. ഇവിടെ ഹിന്ദുവിന്റെയോ മുസ്ലീമിന്റെയോ മേധാവിത്വമില്ല. പകരം ഇന്ത്യക്കാരുടെ മേധാവിത്വമാണ് ഉണ്ടാകേണ്ടത്. രാജ്യത്ത് ഹിന്ദു മുസ്ലിം ഐക്യമില്ലാതെ വികസനം സാധ്യമല്ല എന്നും മോഹൻ ഭാഗവത് പറഞ്ഞു.

എന്നാൽ ഇക്കാര്യങ്ങളൊക്കെ മോദിയോടും അമിത് ഷായോടും പറയാനായിരുന്നു കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിന്റെ പ്രതികരണം. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിൽ വെറുപ്പുണ്ടാക്കിയത് ആർ എസ് എസ് ആണെന്നും അദ്ദേഹം പ്രതികരിച്ചു.