മരക്കാര്‍ ചലച്ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കാനാവശ്യമായ ഹര്‍ജിയില്‍ കേന്ദ്രം തീരുമാനം എടുക്കണം

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനു നിർദേശം നൽകി. കുഞ്ഞാലി മരക്കാരുടെ പിന്തുടർച്ചക്കാരിലുൾപ്പെട്ട മുഫീദ അരാഫത്ത് മരക്കാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് നിർദേശം.

സിനിമയിൽ കുഞ്ഞാലി മരക്കാരുടെ ജീവിതകഥ വളച്ചൊടിച്ചെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. കോഴിക്കോട് സാമൂതിരിയുടെ നാവിക പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാരുടെ ജീവിതകഥ ആസ്പദമാക്കി പ്രിയദർശൻ ഒരുക്കിയ ചിത്രമാണിത്. സിനിമയുടെ ടീസറിൽനിന്ന് കുഞ്ഞാലി മരക്കാരുടെ ജീവിതവും കാലവും വളച്ചൊടിച്ചുള്ള ചിത്രീകരണമാണെന്ന്‌ മനസ്സിലാക്കിയെന്നും മരക്കാർ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന സിനിമയാണിതെന്നും ഹർജിയിൽ ആരോപിക്കുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 17-ന് പരാതി നൽകിയിട്ടും സർക്കാർ നടപടിയെടുത്തില്ല.