എംഎ യൂസഫലിക്ക് ഒമാന്‍ ദീര്‍ഘകാല റെസിഡന്‍സ് പെര്‍മിറ്റ്

ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് പെർമിറ്റ്  ലോഞ്ചിങ് ചടങ്ങിൽ ഒമാൻ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫിൽ നിന്നും ആദ്യത്തെ റസിഡൻസി എം എ യൂസഫലിഏറ്റുവാങ്ങി. യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകർക്കാണ് ഒന്നാം ഘട്ടത്തിൽ ഒമാൻ ദീർഘകാല റെസിഡൻസ് പെർമിറ്റ് നൽകിയിരിക്കുന്നത്.

ഒമാൻ 2040 എന്ന വീക്ഷണത്തിന്റെ ഭാഗമായാണ് ഈ ആദരവെന്ന് ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഖാലിദ് ബിൻ സഈദ് അൽ ശുഐബി വ്യക്തമാക്കി . ദീർഘകാല റസിഡൻസ് സംവിധാനത്തെ അംഗീകാരവും ആദരവുമായി കണ്ട് വിനയത്തോടെ സ്വീകരിക്കുന്നതായി എം എ യൂസഫലി പ്രതികരിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സയിദിനോടും ഒമാൻ സർക്കാരിനോടും നന്ദി പ്രകാശിപ്പിക്കുന്നതായും യൂസഫലി പറഞ്ഞു.

ഒമാനിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക , തദ്ദേശ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക , ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകർക്കാണ് ഒമാൻ ഇങ്ങനെ ദീർഘ കാല റെസിഡൻസ് പരിഗണന നൽകുന്നത് .

Must see news