ലഖിംപുരിലെ കര്‍ഷകരുടെ മരണം, കേന്ദ്രആഭ്യന്തരസഹമന്ത്രിയുടെ മകന്റെ പേരില്‍ കേസ്

ലഖിംപുരിൽ  കർഷകർ കാറിടിച്ചു മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ  മകൻ ആശിഷ് മിശ്രയ്ക്കെതിരെ  ഉത്തർപ്രദേശ് പോലീസ്  കേസെടുത്തു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊലപാതകത്തിനു പുറമേ ക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ആശിഷിനെ കൂടാതെ മറ്റ് 14 പേർക്കെതിരെയും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. കർഷകരെ ഇടിച്ച കാർ ഓടിച്ചിരുന്നത് ആശിഷ് ആണെന്നാണ് കർഷക സംഘടനകളുടെ ആരോപണം. എന്നാൽ സംഭവ സമയത്ത് താൻ മറ്റൊരിടത്ത് ആയിരുന്നുവെന്നാണ് ആശിഷ് പറയുന്നത്. ബാൻബിർപുർ ഗ്രാമത്തിലെ സ്കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നും ആശിഷ് മിശ്ര പറയുന്നു. സംഭവത്തിൽ മരണ സംഖ്യ ഒൻപതായി. സംഘർഷത്തിൽ പരിക്കേറ്റ പ്രാദേശിക മാധ്യമ പ്രവർത്തകനും മരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലക്ഷ്മിപൂർ സ്വദേശി രാമൻ കശ്യപാണ്  മരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

Must see news