ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിനുള്ള സംവരണം 50 ശതമാനത്തില്‍ കൂടുതലാകാമെന്ന് കേരളം സുപ്രീംകോടതിയില്‍. 50ല്‍ കൂടുതലാകരുതെന്ന വിധി പുനഃപരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിനുള്ള ഘടകമാകണം. തീരുമാനം എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് വേണമെന്നും കേരളം വാദിച്ചു. മറാത്ത സംവരണ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കേരളം കോടതിയെ ഇക്കാര്യം അറിയിച്ചത്.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മറാത്ത സംവരണം വഴി 50 ശതമാനത്തിന് മുകളില്‍ സംവരണമെത്തി. ഇത് ഇന്ദിരാ സാഹ്നി വിധി പ്രകാരം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ഈ വിധി പുനപരിശോധിക്കണമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിലപാട് അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കേരളം നിലപാട് വ്യക്തമാക്കിയത്.