ലീഡ്സ് ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗിന് വന്‍ തകര്‍ച്ച. ഇന്ത്യ ആദ്യ ഇന്നിങ്സിൽ 78 റൺസിനു പുറത്ത്. ഒന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 25.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഒലി റോബിൻസൺ എറിഞ്ഞ 26–ാം ഓവറിലെ അഞ്ചാം പന്തിൽ അജിൻക്യ രഹാനെ പുറത്തായതോടെ അംപയർമാർ ഉച്ചഭക്ഷണത്തിനു പിരിയുകയായിരുന്നു. രണ്ടാം സെഷന്റെ തുടക്കത്തിൽത്തന്നെ പന്തും പുറത്തായി.
കെ.എൽ. രാഹുൽ (0), ചേതേശ്വർ പൂജാര (ഒന്ന്), വിരാട് കോലി (17 പന്തിൽ ഏഴ്), അജിൻക്യ രഹാനെ (54 പന്തിൽ 18), ഋഷഭ് പന്ത് (9 പന്തിൽ 2), രോഹിത് ശർമ (105 പന്തിൽ 19), രവീന്ദ്ര ജഡേജ (29 പന്തിൽ 4), മുഹമ്മദ് ഷമി (ഒരു പന്തിൽ 0), ജസ്പ്രീത് ബുമ്ര (ഒരു പന്തിൽ 0), മുഹമ്മദ് സിറാജ് (10 പന്തിൽ 3), ഇഷാന്ത് ശർമ (10 പന്തിൽ പുറത്താകാതെ 8) എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം.
ജയിംസ് ആൻഡേഴ്സൻ, ക്രെയ്ഗ് ഓവർട്ടൻ എന്നിവർ മൂന്നു വിക്കറ്റ് വീഴ്ത്തി. ഒലി റോബിൻസൻ, സാം കറൻ എന്നിവർ 2 വിക്കറ്റ് വീതവും. അഞ്ചു പേരെ വിക്കറ്റിനു പിന്നിൽ ക്യാച്ചെടുത്തതു ജോസ് ബട്ലറാണ്. 104 പന്തുകൾ പിടിച്ചുനിന്ന രോഹിത് കൂടി വീണതോടെ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു.
ഇന്ത്യൻ നായകൻ വിരാട് കോലി 50 ഇന്നിങ്സുകൾ പൂർത്തിയാക്കുന്നതിനും ലീഡ്സ് വേദിയായി. ടെസ്റ്റിൽ കോലിയെ ഏറ്റവുമധികം തവണ പുറത്താക്കിയ താരമായും ആൻേഡഴ്സൻ മാറി. ഏഴാം തവണയാണ് ആൻഡേഴ്സൻ കോലിയെ പുറത്താക്കുന്നത്. ഓസീസ് താരം നേഥൻ ലയണും കോലിയെ ഏഴു തവണ പുറത്താക്കിയിട്ടുണ്ട്.