ഇടുക്കിയില്‍ അതിശക്തമായ മഴ തുടരുന്നു, മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍

ഇടുക്കിയില്‍ അതിശക്തമായ മഴ തുടരുന്നു. മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍. വലിയ പാറകൾ റോഡിലേക്ക് നിലംപതിച്ചതോടെ വഴി പൂർണമായും അടഞ്ഞ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ വർഷം ഇടിഞ്ഞ സ്ഥലത്ത് തന്നെയാണ് ഇടിഞ്ഞിരിക്കുന്നത്. ബൈസൺവാലിക്ക് പോകുന്ന ജംക്ഷനിൽ നിന്നും ഏകദേശം 100 മീറ്റർ അകലെയാണ് രാത്രി 11 മണിയോടെ മലയിടിച്ചിലുണ്ടായത്.  ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ മഴമുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. കേരള തീരത്ത് മണിക്കൂറിൽ പരമാവധി 50 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.