നിപയില്‍ പൊലിഞ്ഞ ഹാഷിമിന്റെ ഓര്‍മയില്‍ മാതാപിതാക്കള്‍

അബൂബക്കറിനും വാഹിദയ്ക്കും നിപയിലൂടെ പൊലിഞ്ഞത് ജീവിത സ്വപ്‌നവും ഏക പ്രതീക്ഷയുമാണ്. ഇവരുടെ ഏക മകനായ മുഹമ്മദ് ഹാഷിമിന്റെ ജീവന്‍ ആണ് ഞായറാഴ്ച പുലര്‍ച്ചെ നിപ കവര്‍ന്നെടുത്തത്. തെങ്ങുകയറ്റ തൊഴിലാളിയാണ് അബൂബക്കര്‍. ശനിയാഴ്ച വരെ അബൂബക്കറും വാഹിദയും മകനൊപ്പം സ്വകാര്യ ആശുപത്രിയിലായിരുന്നു. മകന് നിപ സ്ഥിരീകരിച്ചുവെന്നും, നിങ്ങൾ നിരീക്ഷണത്തിൽ പോകണമെന്നും ആശുപത്രി അധികൃതർ രാത്രിയാണ് അറിയിച്ചത്. തുടർന്ന് ഇരുവരും വാഹിദയുടെ ബന്ധുവീട്ടിലേക്ക് പോന്നു.

പുലർച്ചയോടെ എത്തിയത് ഏകമകന്റെ വിയോഗ വാർത്തയും. അവസാനമായി മകനെ ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞില്ല.മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ച് കണ്ണംപറമ്പില്‍ കബറടക്കി. ആശുപത്രിയില്‍നിന്ന് ആരോഗ്യപ്രവര്‍ത്തര്‍ മൃതദേഹം ഏറ്റുവാങ്ങി കണ്ണംപറമ്പിലെത്തിക്കുകയായിരുന്നു.