ഡിസിസി പുനസംഘടനയില്‍ പ്രതിഷേധവുമായി ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പ്രതികരണം. കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായില്ലെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. പരസ്യപ്രതികരണം നടത്തിയ കെ ശിവദാസന്‍ നായരെയും കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനെതിരെയും നേതാക്കള്‍ അതൃപ്തി അറിയിച്ചു.
ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നതിൽ കുറെകൂടി വിശദമായ ചർച്ചകൾ സംസ്ഥാന തലത്തലിൽ നടത്തേണ്ടതായിരുന്നുവെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാൻഡിന്റെ ഇടപെടൽ കുറച്ചുകൊണ്ടുവരാമായിരുന്നു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി ഇടപെട്ടതിന് അദ്ദേഹത്തിനോട് നന്ദി പറയുന്നു. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷൻമാരായ 14 പേർക്കും നല്ലനിലയിൽ പ്രവർത്തിച്ച് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. 14 പേരും തന്റെ ആളുകളാണ് എന്ന് താൻ വിശ്വസിക്കുന്നു. ഡിസിസി പട്ടികയെ പൂർണമായി അംഗീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്ന് ഉമ്മൻ ചാണ്ടി. കോട്ടയം, ഇടുക്കി ജില്ലകളുമായി ബന്ധപ്പെട്ടാണ് തന്റെ പേര് വലിച്ചിഴച്ചത്. ഡിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ചോദിച്ചത് പാനലാണ്. അതിനാലാണ് മൂന്ന് പേര് കൊടുത്തത്. നാട്ടകം സുരേഷ്, ഫിൽസണ്‍ മാത്യൂ, ജോമോൻ ഐക്കര എന്നിവരുടെ പേരുകളാണ് നിർദേശിച്ചത്. പാനൽ ചോദിച്ചതുകൊണ്ടാണ് മൂന്നു പേരുടെ പേര് കൊടുത്തു. അല്ലെങ്കിൽ ചർച്ച ചെയ്തു ഒരു പേര് കൊടുത്തേനെ. ഇടുക്കിയിലെ പ്രസിഡന്റിനെ താൻ നിർബന്ധിച്ചു വച്ചതാണെന്ന് വാർത്തകൾ വന്നു. അദ്ദേഹത്തെ തനിക്കറിയാം. എന്നാൽ അദ്ദേഹത്തിന്റെ പേര് താൻ പറയുമെന്ന് അദ്ദേഹം പോലും വിചാരിക്കുന്നില്ല. ചില താത്പര്യങ്ങൾക്കുവേണ്ടി ചിലർ വാർത്തകൾ നൽകുന്നവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.