പൊന്നാനി സിപിഎമ്മിൽ പൊട്ടിത്തെറി; സ്ഥാനാർഥി നിർണയത്തിനെതിരെ അണികൾ തെരുവിൽ

സ്ഥാനാർഥി നിർണയത്തെ ചൊല്ലി പരസ്യപ്രതിഷേധവുമായി പൊന്നാനിയിലെ സിപിഎം പ്രവർത്തകർ. ടി എം സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പൊന്നാനിയിൽ പി നന്ദകുമാറിനെയാണ് സ്ഥാനാർഥിയായി സിപിഎം നിശ്ചയിച്ചിരിക്കുന്നത്.

സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് പ്രതിഷേധ റാലിയിൽ പങ്കെടുത്തത്. ചന്തപ്പടിയിൽ നിന്ന് ആരംഭിച്ച മാർച്ച് ചമ്രവട്ടം എത്തിയപ്പോഴേക്കും നൂറുകണക്കിനാളുകൽ അണിചേർന്നു. സിപിഎമ്മിൽ ഇതുവരെ കാണാത്ത രീതിയിലുള്ള പരസ്യ പ്രതിഷേധമാണ് പൊന്നാനിയിൽ നടക്കുന്നത്.

നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തുമെന്ന മുദ്രവാക്യങ്ങളാണ് പ്രതിഷേധ റാലിയിൽ ഉയരുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടിഎം സിദ്ദിഖ് മത്സരിച്ചേക്കുമെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. പിന്നീടാണ് പി നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയത്. ടിഎം സിദ്ദിഖ് നേരത്തെ രണ്ട് തവണ ശ്രീരാമകൃഷ്ണന് വേണ്ടി മാറി നിന്നതാണെന്നും പ്രതിഷേധക്കാർ പറയുന്നു.