കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള 28 ദിവസമാക്കി കേരളാ ഹൈക്കോടതി ഉത്തരവ്

കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള 28 ദിവസാക്കി ഹൈക്കോടതി ഉത്തരവിട്ടു. താത്പര്യമുള്ളവര്‍ക്ക് കോവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസ് സ്വകാര്യ ആശുപത്രികളില്‍ എടുക്കാം. അതേ സമയം,  സർക്കാർ നൽകുന്ന സൗജന്യ വാക്സീന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വാക്സീൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണം എന്നാവശ്യപ്പെട്ട് കിറ്റക്സ് ​ഗ്രൂപ്പ് നൽകിയ ഹ‍ർജിയിലാണ് ഹൈക്കോടതിയുടെ വിധി.

വാക്സീനേഷൻ പ്രക്രിയ ആരംഭിക്കുമ്പോൾ കോവിഷീല്‍ഡ് വാക്സീൻ്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് ആഴ്ച അഥവാ 42 ദിവസമായിരുന്നു. ഈ ഇടവേള 84 ദിവസമാക്കി പിന്നീട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ഉയർത്തിയിരുന്നു.

84 ദിവസം എന്ന ഇടവേള രാജ്യത്താകമാനം നടപ്പാക്കപ്പെടുന്നില്ലെന്ന് വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും മറ്റു പ്രൊഫഷണലുകൾക്കും നിലവിൽ 28 ദിവസത്തെ ഇടവേളയിൽ വാക്സീൻ എടുക്കാൻ സാധിക്കുന്നുണ്ട്.  സ്വന്തം പണം മുടക്കി വാക്സീൻ സ്വീകരിക്കുന്നവർക്കെങ്കിലും 28 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് എടുക്കാൻ അനുമതി നൽകണമെന്ന് വിധിയിൽ ഹൈക്കോടതി വ്യക്തമാക്കി. വാക്സീൻ ഇടവേള കുറച്ച് കൊണ്ട് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം അടിയന്തരമായി കോവിൻ ആപ്പിലും വെബ്സൈറ്റിലും ഉൾപ്പെടുത്താനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.