യുപിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹം പാലത്തില്‍ നിന്ന് പുഴയില്‍ തള്ളിയ സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍

യുപിയില്‍ കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം പാലത്തില്‍ നിന്ന് നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സിദ്ധാര്‍ഥ നഗര്‍ സ്വദേശി പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് നദിയിലെറിഞ്ഞത്. സഞ്ജയ് കുമാര്‍, മനോജ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

രപ്തി നദിയിലേക്കാണ് മൃതദേഹം ഇവര്‍ വലിച്ചെറിഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വാഹനത്തിലെത്തിച്ച മൃതദേഹം പിപിഇ കിറ്റ് ധരിച്ച ഒരാളും മറ്റൊരാളും ചേര്‍ന്ന് പാലത്തില്‍ നിന്ന് താഴേക്ക് എറിയുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നത്

മെയ് 25നാണ് പ്രേംനാഥിനെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 28ന് ഇയാള്‍ മരിച്ചു. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ക്ക് കൈമാറിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.