അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മാണം വേണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍

 

കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതോ അവരെ പീഡിപ്പിക്കുന്നതോ ആയ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മാണം ആവശ്യമാണെന്ന്‌  സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.   ഇതിനായി നേരത്തെ  സർക്കാരിൻ്റെ പരിഗണനയിൽ ഉണ്ടായിരുന്ന  കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ പ്രാക്ടീസസ്, സോഴ്സറി,  ബ്ലാക്ക് മാജിക് ബിൽ 2019 ൻ്റെ മാതൃകയിൽ ഉചിതമെന്നു തോന്നുന്ന നിയമനിർമാണം നടത്താനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

അന്ധവിശ്വാസത്തിൻ്റെയോ മറ്റേതെങ്കിലും  പേരിലോ നടത്തുന്ന ഏത് പ്രവർത്തനങ്ങളും ബാലാവകാശ ലംഘനമായി കണക്കാക്കി നിയമ നടപടി സ്വീകരിക്കേണ്ടതാണ്. ഇക്കാര്യത്തിൽ പോലീസ് നടപടി  ഉറപ്പുവരുത്തണം. അതുപോലെ പോലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സമൂഹത്തെ ബോധവാന്മാരാക്കാനും കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടാതിരിക്കാനും സാമൂഹിക നീതി, വനിത – ശിശു വികസനം  വകുപ്പ് സെക്രട്ടറിമാർ നടപടി സ്വീകരിക്കണം.

സമൂഹത്തിലെ സകല മേഖലകളിലും ഇത്തരം അനാചാരങ്ങൾ നിലനിൽക്കുന്നു. അന്ധവിശ്വാസങ്ങളുടെ പേരിൽ കുട്ടികളെ നഷ്ടപ്പെടുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. വയനാട് ജില്ലയിൽ 15 വയസ്സായ കുട്ടിയുടെ ബാധ ഒഴിപ്പിക്കുന്നതിനായി പൂജ നടത്തുകയും കുട്ടിയെ ദേഹോപദ്രവം  ഏൽപ്പിക്കുകയും ചെയ്തതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.