ഇങ്ങനെയൊരു സ്ഥിതി ഇതാദ്യം: ബംഗാളിൽ ഇടത് പാർട്ടികൾക്ക് ഒരു എംഎൽഎ പോലുമില്ല

ബംഗാളിൽ നാമാവശേഷമായി ഇടതുപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു എംഎൽഎയെ പോലും ബംഗാളിൽ നേടാനായില്ല. സ്വാതന്ത്ര്യാനന്തരം ഇതാദ്യമായാണ് ബംഗാളിൽ ഇത്തരമൊരു സാഹചര്യമുണ്ടാകുന്നത്

ഇടത് പാർട്ടികൾ അടങ്ങിയ സഞ്ജുക്ത മോർച്ചക്ക് 294 അംഗ സഭയിൽ നേടാനായത് രണ്ട് സീറ്റ് മാത്രമാണ്. കോൺഗ്രസിന്റെ നേപാൾ ചന്ദ്ര മഹതോയും ഐഎസ്എഫിന്റെ നൗഷാദ് സിദ്ധിഖും വിജയിച്ചു.

വോട്ടുകളുടെ ധ്രുവീകരണമാണ് പരാജയത്തിന് കാരണമായതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആരോപിക്കുന്നു. ബിജെപിയെ എതിർക്കുന്നതിന് സിപിഎം അംഗങ്ങൾ പോലും തൃണമൂലിന് വോട്ട് ചെയ്തുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.