കോണ്‍ഗ്രസും ഇല്ല, ബിജെപിയും ഇല്ല. സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച് അമരീന്ദര്‍ സിംഗ്;പേര് പഞ്ചാബ് വികാസ് പാര്‍ട്ടി

പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നു. പഞ്ചാബ് വികാസ് പാര്‍ട്ടി എന്നാകും അമരീന്ദറിന്റെ പുതിയ പാര്‍ട്ടിയുടെ പേരെന്ന്  ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു. നവ്‌ജോത് സിങ് സിദ്ദു വിരുദ്ധപക്ഷത്തുള്ള നേതാക്കളുടെ യോഗം വരുംദിവസങ്ങളില്‍ അമരീന്ദര്‍ വിളിച്ചു ചേര്‍ക്കും.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ദുവിനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ ആകും പുതിയ പാര്‍ട്ടിയില്‍നിന്ന് അമരീന്ദര്‍ കളത്തിലിറക്കുക. പഞ്ചാബിലെ എല്ലാ കര്‍ഷക സംഘടനാ നേതാക്കളെയും അമരീന്ദര്‍ ബന്ധപ്പെടുമെന്നും സൂചനയുണ്ട്. ചെറുപാര്‍ട്ടികളുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയേക്കും. കോണ്‍ഗ്രസ് വിടുകയാണെന്നും എന്നാല്‍ ബി.ജെ.പിയില്‍ ചേരില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തില്‍നിന്ന് നേരിടേണ്ടി വന്ന അപമാനത്തില്‍ ഏറെ ദുഃഖിതനാണെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.