എയർ ഇന്ത്യയെ ടാറ്റാ സൺസ് 18000 കോടി രൂപയ്ക്ക് സ്വന്തമാക്കി. 2022 സാമ്പത്തിക വർഷത്തിൽ കൈമാറ്റ നടപടികൾ പൂർത്തിയാക്കും. ലേലത്തിൽ ഏറ്റവും ഉയർന്ന തുക സമർപ്പിച്ചത് ടാറ്റ സൺസായിരുന്നു. 67 വർഷത്തെ ഇടവേളക്കു ശേഷമാണ് എയർ ഇന്ത്യ ടാറ്റയിലേക്ക് തിരിച്ചെത്തുന്നത്.
സർക്കാർ നിശ്ചയിച്ച റിസർവ് വിലയും ധനകാര്യ ടെൻഡറിലെ വിലയും താരതമ്യം ചെയ്ത്, ഏറ്റവും ഉയർന്ന വിലയുള്ള ടെൻഡർ സമർപ്പിച്ച കമ്പനിക്കാണ് എയർ ഇന്ത്യയെ കൈമാറിയത്. ട്രാൻസാക്ഷൻ അഡ്വൈസറാണ് ടെൻഡറുകൾ പരിശോധിച്ചത്. തുടർന്ന്, കേന്ദ്ര കാബിനറ്റിന്റെ അനുമതിക്കായി കൈമാറിയതിനു ശേഷമാണ് പുതിയ ഉടമയെ പ്രഖ്യാപിച്ചത്.
എയർ ഇന്ത്യ ടെൻഡറിൽ സൂചിപ്പിച്ച തുകയുടെ 85 ശതമാനം കമ്പനിയുടെ നിലവിലുള്ള കടം വീട്ടാൻ വേണ്ടിയായിരിക്കും ഉപയോഗിക്കുക. ബാക്കി കേന്ദ്രത്തിന്റെ ഖജനാവിലേക്ക് പോകും. ടാറ്റാ ഗ്രൂപ്പിനെ കൂടാതെ സ്പൈസ് ജെറ്റിന്റെ സ്ഥാപകൻ അജയ് സിംഗും ടെൻഡർ സമർപ്പിച്ചിരുന്നു.